Friday 3 May 2013

ഭ്രാന്തി



കാറ്റിൽ കൈതകൾ കെസ്സ് പാടും
കടലോരത്ത് ഉണ്ടൊരു കൊച്ചുവീട്
താഴമ്പൂ ഗന്ധം പരക്കും വീട്
ആമിന ബീവീടെ കൊച്ചുവീട്
ഇത്തിരി വട്ടുണ്ട് ആമിനക്ക്
ഒത്തിരി കഥയുണ്ടതിനു പിന്നിൽ
തഞ്ചത്തിൽ മൊഞ്ചത്തിയെ പാട്ടിലാക്കാൻ
തക്കം പാർത്തു നടന്നു നാട്ടാർ
തൊണ്ടിപ്പഴ ചുണ്ടിൽ വിരിയും ചിരി
മണ്ടിനടന്നവർ കണ്ടു മിഞ്ചി
വണ്ടുകൾ പാറി പറന്നു ചുറ്റും
തേൻഉണ്ട്  ഭ്രുംഗങ്ങൾ മതി മറന്നു
പൊൻമേനി ചന്ദന ചാറൂപൂശി
യവ്വനം കോരി തരിച്ചു നിന്നു
കാലം കോലം വരച്ചു തള്ളി
ആമിന ബീവീടെ കോലം കെട്ടു
ഒട്ടകപക്ഷിയെ പോലെ മാന്യർ
സ്വന്തം തലകൾ മണ്ണിൽ പൂഴ്ത്തി
ദുർവൃത്തി നല്കിയ രോഗങ്ങളാൽ
ഭ്രാന്തിയായ് ആമിന ബീവി പിന്നെ
കൈക്കുഞ്ഞുമായി അലഞ്ഞിടുന്ന
ഭ്രാന്തിയെ നാട്ടുകാർ കല്ലെറിഞ്ഞു
ഇത്തരം ആയിരം ഭ്രാന്തിമാരെ
ഉരുവാക്കും നാട്ടാരെ ആര് കല്ലെറിയും?

No comments:

Post a Comment