Tuesday 16 December 2014

കൊലവേറി


രക്ത ദാഹികളെ  നിങ്ങളും മർത്ത്യരോ ?
ചോരച്ചുവപ്പ് കണ്ടാർത്തു ചിരിക്കുന്നോ ?
ചുടുനിണം പുരണ്ടോരാ പിടയും കബന്ധങ്ങൾ
നിന്നമ്മയോ മക്കളോ ആയിരുന്നെങ്കിലോ .?

രാക്ഷസ കൂട്ടമേ മാപ്പില്ല നിങ്ങൾക്കൊരിക്കലും
കാലം വിധിയാലെ തേടി വരുമൊരു  ദിനം !!
ഇന്നിൻ സമൃദ്ധിയെ പങ്കിലമാക്കും മതത്താലേ
ചെഞ്ചോര പുഴകളാൽ എഴുതുന്നോ കാവ്യങ്ങൾ !

 ശാന്തിയും സ്നേഹവും പകരുവാൻ കഴിയാത്ത
മനുഷ്യൻ ഇഹത്തിനു ഭാരമയ്  തീരുന്നു
മതങ്ങളെ ആഞ്ഞു പുല്കും മനുഷ്യരെ കേൾക്കുവിൻ
സ്നേഹമാണ് ഇന്നിന്നു ആവശ്യമാം മതം !!




ഇതും ഭരണമോ .?







മഞ്ഞും മഴയും വെയിലുമേറ്റ്
വാടി തളര്ന്നവർ നിന്നിടുമ്പോൾ
കൊടി  വെച്ച കാറിൽ പൊടി പറത്തി
നിന്ദിച്ചു പോകുന്ന ഇവർ മന്ത്രിമാരോ.?

തറവാട്ടു സ്വത്തൊന്നും ചോദിച്ചില്ല
തലക്ക് മുകളിൽ ഒരു കൂര മതി
സ്വന്തമായ് നില്കാൻ ഒരടി മണ്ണ് മതി
കേട്ടില്ലെന്നു നടിച്ച് പോകുമിവർ മന്ത്രിമാരോ.?

 നാടെല്ലാം ചീഞ്ഞു നാറും കഥകൾ ചമച്ചു
നാട്ടാരുടെ വോട്ടു നേടി തിന്നു മുടിച്ചു
അരപട്ടിണി കിടക്കുന്ന വയറുകളിൽ
തീ നിറയ്ക്കും  ഇവർ  മന്ത്രിമാരോ?

Saturday 1 November 2014

സുനാമി ശവകുടീരങ്ങൾ



ആർത്തിരമ്പി  കടൽ  വന്നു മൂടിയ രാവിൽ
മലകളാം തിരകൈകൾ തൂത്തെറിഞ്ഞെല്ലാം
ആധി  കൊള്ളാൻ പോലും സമയം തരാതെ
മണ്ണിൽ  പൊലിഞ്ഞു മർത്ത്യർ തൻ ജീവൻ

ആവേശം കൊണ്ടു മർത്ത്യർ വരച്ച കളങ്ങൾ
ആവേശതിരകൾ മാച്ചെറിഞ്ഞുകളിച്ചുചിരിച്ചു
മതവും ജാതിയും കെട്ടിയ വേലികൾ എല്ലാം
കോപം കൊണ്ടവൾ താണ്ഡവമാടി തകർത്തു .

ഒന്നായ് അടിഞ്ഞ ജഡങ്ങൾ  ജാതിയറിയാതെ
പരസ്പരം കെട്ടി പിണഞ്ഞു  ചീഞ്ഞു   കിടന്നു
മതങ്ങൾ  നോക്കാതെ മൂക്ക് പൊത്തി ജനങ്ങൾ
മറ മാടി  മത സൌഹാർദത്തോടെയവർക്കായ് .

ഉറ്റവർ ഉടയർ ആരുമില്ല  ശേഷ ക്രിയയുമില്ലവിടെ
ജാതിയും മതങ്ങളും ഇല്ലവിടെ ശവങ്ങൾ അല്ലെ .?
പരസ്പരം പുണർന്നു ഉറങ്ങുന്നു ഒരേ കുഴിയിൽ
ആണെന്നോ പെണ്ണെന്നോ പോലുമറിയാതെ !!

Saturday 25 October 2014

ഫീനിക്സ്



കനൽ  മൂടിയ ഇന്നുകളിൽ നിന്നുയിർത്തെണീറ്റു 
പറക്കണം ഉയിർ  കൊണ്ട് ഫിനിക്സ് പക്ഷിയെപോൽ ...
വിശാലമാം ലോകവാതായനങ്ങൾ തുറന്നു വെക്കും
എനിക്കും ദൂരെ വസന്തത്തിൽ ഒരു കൂടൊരുക്കാൻ .


തളിർക്കുമെൻ  കിനാവിൻ വള്ളികൾ പടർന്നിടുമ്പോൾ 
പിച്ചവെച്ചൊന്നു നടന്നിടെണം ലോകമുറ്റമാകെ 
ചുറ്റിപ്പിടിച്ചു കയറി ആകാശം തൊട്ടു ചൊല്ലിടേണം 
എനിക്കും  .നിനക്കും ഈലോകം സ്വന്തമെന്നു ....

അതിർത്തികൾ ഇല്ലാത്തൊരു ലോകമെന്റെ സ്വപ്നം 
മതിലുകൾ ഇല്ലാത്ത മനസ്സാണെന്റെ സ്വപ്നം 
മത ഭ്രാന്തു ഇല്ലാത്ത നാടാണെൻ കിനാവിൽ 
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന നാളിൽ ........?




Friday 24 October 2014

സ്വപ്നം



തിരകൾ ഉയരുമീ കടലിൽ ഇന്നലെ 
തിരഞ്ഞു ഞാനൊരു തോണി 
വിദൂരമാം ആകാശ ചെരുവിൽ നില്കുന്ന 
സൂര്യനിൽ എത്തുവാനൊരു തോണി 

അലറി അടുക്കും തിരകളാൽ മൂടി 
അലിഞ്ഞു പോയി ഞാൻ കണ്ട സ്വപ്നം 
തിരിച്ചു പോകുമ്പോൾ തിരകൾ തീരത്ത് 
തകർത്ത് എറിഞ്ഞു എൻ തോണി 

വിഷാദമേഘങ്ങൾ മൂടി സൂര്യനും 
മറഞ്ഞു പോയി കടലിന്നടിയിൽ 
തിരിച്ചു വരുന്ന വരവും കാത്തു ഞാൻ 
തനിച്ച് നിൽക്കുന്നു വിധുരയായിന്നിവിടെ .....



കാവ്യാഞ്ജലി



കാട്ടു  തീ ആളിപ്പട്ർന്നെന്റെ  നെഞ്ചകം
കത്തിയമർന്നങ്ങ്  ചാരമായ് തീരവേ
കാട്ടളകൂട്ടങ്ങൾ ആർത്തു ചിരിക്കവേ
കണ്ണ് കലങ്ങി കരഞ്ഞു ഞാൻ രാവേറെ .

പൊയ്മുഖം ചാർത്തിയ മർത്യർ ചുറ്റിലും
പേക്കിനാവായി ഹൃത്തടം തകർക്കവേ
പാരിതിൽ ഇനിയെന്തുണ്ട് ബാക്കിയായ്
പരിതപിക്കുവനല്ലാതെ  വേറെ വഴിയെന്ത് .?

കാലമെനിക്കായ് കാത്തു വെച്ചൊരു വഴികളിൽ
കല്ലും മുള്ളും വിതറിയതറിയാതെ ഞാൻ ...
കാല്പാദം ചോരയാൽ മുക്കി എഴുതുന്നു
കാലത്തിൻ  നെഞ്ചിലായെൻ കാവ്യാഞ്ജലി !

Monday 13 October 2014

നിലാവ്


കൈ കുടന്നയിൽ കോരിയെടുത്തു ഞാൻ
കയ്യെത്തും ദൂരെയെത്തിയ നിലാവിനെ
മഞ്ഞു മൂടും മലകൾ താലോലിക്കുന്നൊരു
മഞ്ഞപ്പട്ടണിഞ്ഞൊരു കുഞ്ഞു നിലാവിനെ .

കണ്ണിൽ  നിറയും കൌതുകത്താലൊരു....
കുഞ്ഞു മുത്തം കൊടുക്കട്ടെ ഞാനും ...
പാൽ പുഞ്ചിരി തൂകും നിലാവലചാർത്തിൽ
പാടെ മറന്നു പകലൽ ചൂട് പോലും മരങ്ങൾ !

കണ്ണ് പൊത്തി കളിക്കുന്നിലച്ചാർത്തിൽ
കുഞ്ഞു നിലാവിൻ കുസൃതിക്കുരുന്ന്‌  .
ഭൂമിതൻ മാറിൽ മയങ്ങുന്നിളം പൈതൽ
രാവിൻ കളി തോഴനാം നീല നിലാവ് .

Friday 26 September 2014

ഭൂമി


പൊൻവെയിൽ നാളങ്ങൾ പായ വിരിക്കുന്നു
പൊൻ പട്ടു ചുറ്റുന്നു ഈ ഭൂമിയാകവേ
പൊന്നിൻ കതിർക്കുല കൊത്തി പറക്കുന്നു
പൊന്നാര്യൻ പാടം നിറയെ കിളികളും ....

കാറ്റിൻ ചുണ്ടിലൊരു ഈണവുമായെത്തി
തൊട്ടു തലോടി കുളിര് പകര്ന്നു പോയ്‌
മുറ്റത്ത് തുള്ളി കളിക്കുന്ന പൈക്കിടാവോ നല്ല
കുടമണി കിലുക്കി പൂജാ മുറി തീര്ക്കുന്നു .

Tuesday 23 September 2014

കിഴക്കിൻ അധിപൻ



ചുംബിച്ചുണർത്തുന്നു സൂര്യാംശു ഭൂമിയെ
നിദ്രാലാസ്യം വിട്ടുണർന്നിടുവാൻ .മെല്ലെ
കാതരയാം കന്യ നാണിച്ചു നില്ക്കുന്നു
കാറ്റിൻ ചൂളം വിളി കേട്ട്   കാതിൽ .....

പക്ഷി വൃന്ദം പല താളത്തിൽ പാടുന്നു
കിഴക്കിൻ അധിപനെ വരവേറ്റിടുവാൻ
പൂക്കളിൽ തേനുണ്ട് മത്തരായി വണ്ടുകൾ
ചുറ്റിക്കറങ്ങുന്നു മുറ്റത്തെ പൂവാടി തോറും .


Thursday 18 September 2014

കുഞ്ഞിക്കിളി



കുഞ്ഞിക്കിളിയുടെ കൊഞ്ചൽ കാതിൽ
കുഞ്ഞോളങ്ങൾ തീർത്തൊരു നേരം
കുഞ്ഞായ്  പോയ്‌ ഞാൻ കണ്ണ്  മിഴിച്ചു
കൂടെ പാടി  ആമോദത്താൽ കു.ക്കു ..കുക്കു ......

കിളികൾ കൊഞ്ചി തഞ്ചും പുലരിയിൽ
കാറ്റോ മഴയോടൊപ്പം വന്നു നൃത്തം വെച്ചു
കാറ്റിൻ  കൈതാളം കേട്ടൊരു കാടും മേടും
കാകളി പാടി കൈകൊട്ടിക്കളിയാടി നീളേ .....



Wednesday 17 September 2014

പ്രഭാതം



സുസ്മേര വദനനായ് എത്തി  പ്രഭാകരൻ
സുമഗലിയാം ഭൂമിക്ക് സിന്ദൂരം ചാർത്തുവാൻ
പൂക്കളും പുൽക്കൊടി വൃന്ദവും സാദരം
പാടുന്ന മംഗള ഗാനങ്ങൾ കേള്ക്കുന്നു ....

വസന്തം



പുഞ്ചിരിക്കുന്ന പൂക്കൾ തൻ ചുണ്ടിലും
പൂത്തു  നിൽക്കുന്നു വസന്തത്തിൻ ചാരുത
പതിയെ വന്നെത്തി നോക്കുന്നൊരർക്കനും
പാതി ചുണ്ടിൽ വിരിയുന്നു കാന്തിയും ..

പുലർ കാല സൂര്യാംശു ചുംബിച്ചുണർത്തുന്നു
പൂവാടി തന്നിലെ പൂക്കളെയെല്ലാമേ ഒന്നായി
പൂത്തുലയുന്നു  ഭൂമി തൻ മാറിടമൊന്നാകെ
പാരം പരവശയായി സൂര്യ സ്പർശനമേറ്റപോൽ !

Thursday 11 September 2014

സങ്കട കടൽ



തിരിച്ചു വരില്ലെന്നറിയാതെ വിളിച്ചു കേഴുന്നമ്മയെ
തരിച്ചു നില്ക്കും വെയിലിൽ വാടി വീണ തന്നമ്മയെ 
പിടിച്ചുലച്ചു വലിച്ചു നോക്കി പിഞ്ചിളം കൈകളാൽ 
പിടിച്ചു കെട്ടി മരണം കൊണ്ടു പോയ തന്നമ്മയെ .

ഉരുൾ പൊട്ടും പോലെ പൈതൽ കരഞ്ഞിട്ടും വിളിച്ചിട്ടും 
ഉലകം വിട്ടു പറന്ന ജീവനോ തിരിച്ചു വന്നീലൊരിക്കലും 
ഉൾത്തടം വിങ്ങുമീ കാഴ്ചകൾ നിരത്തുന്നു ലോകവും 
ഉദാരമായ്‌ ദാരിദ്ര്യം നീക്കുവാൻ കഴിയണം നമുക്കെല്ലാം 

കണ്ടില്ലെന്നു നടിക്കാതെ മർത്ത്യാ നിൻ കാഴചകൾ 
കൊണ്ടറിയാതെ ഇരിക്കുവാൻ ഈ നഗ്ന സത്യങ്ങൾ 
കണ്ടു ദയ ചെയ്യുവാൻ തുണ നല്കട്ടെ ഈശ്വരൻ ...
കാണായ നന്മകൾ നമ്മിൽ വര്ഷിക്കുംഈശ്വരൻ .......



Tuesday 9 September 2014

കുഞ്ഞു കുഞ്ഞു സങ്കടo


മുള്ളിൽ വിരിഞ്ഞുവെന്നാകിലും ഹൃദ്യമായ്
മുഖംവിടർത്തി ചിരിച്ചു   വന്നു പുലർകാലേ
കുഞ്ഞു പൂവേ  ചിരിക്കും നിന്നുള്ളിലുമുണ്ടോ
കുഞ്ഞു കുഞ്ഞു സങ്കട പെരുമഴ തോരാതെ .?

അന്തിക്ക് വാടി തളര്ന്നു വീഴുന്നോരാ സങ്കടം
ഉള്ളിലൊതുക്കി ചിരിക്കുന്ന പൊൻപൂവ് നീ
ഉണ്ടോ ഇനി കണ്ണുനീർ നിന്നുള്ളിലൊതുക്കുവാൻ
മഞ്ഞു തുള്ളിപോൽ ഇതളിൽ ഇറ്റിക്കുവാൻ ?


മണ്ണിൻ മക്കൾ




കട്ട് മുടിക്കാൻ കൂട്ട് നിന്നു മുടിഞ്ഞുകാടും കാട്ടാറും
ഈട്ടി ചന്ദന തേക്കുകൾ എല്ലാം കാട് കടന്നു പണ്ടേ
കാട്ട് മൃഗത്തിൻ നീതി പോലും കിട്ടാനില്ലിന്നിവിടെ...
കാടിൻ മക്കൾ മരിച്ചാൽ പോലും നോക്കാൻ ആളില്ലിവിടെ
ആട്ടിയിറക്കി മണ്ണിൻ മക്കളെ സ്വന്തം മണ്ണിൽ നിന്ന്
ആദിവാസി ക്ഷേമ നിധികൾ പോകുന്നെവിടെയെല്ലാം ?
നന്നാവുന്നു നാട്ടുവാസികൾ ക്ഷേമ നിധികൾ കൊണ്ട്
ചവുട്ടി നില്ക്കാൻ സ്വന്തം മണ്ണിൽ അര്ഹതയില്ല പാവങ്ങൾ
കണ്ടില്ലെന്നു നടിക്കും മനുഷ്യാ .നീതിയോ ഇത് ന്യായമോ ?
 കാടിൻ മക്കൾ രോദനമല്ലിത് ജന്മാവകാശം.തന്നെയല്ലോ ?
നീതി ലഭിക്കാൻ എവിടെ പോകാൻ ഉറങ്ങുന്നല്ലോ നീതി
കണ്ണ് കെട്ടിയ നീതി ദേവതേ  കണ്ണ് തുറക്കൂ വേഗം ....
ആര്ക്ക് വേണ്ടി കാക്കുന്നിവിടെ റിസേർവ് ഫോറെസ്റ്റ്എല്ലാം
രിസോര്ട്ടുകളായി  മാറുമോ നമ്മുടെ കാടായ കാടുകളെല്ലാം
വമ്പൻ സ്രാവുകൾ പാട്ടമെടുത്തു കാടിൽ നല്ലൊരു ഭാഗം
ഇനിയും കേൾക്കാ കഥകൾ പലതും ആരുണ്ടറിയുന്നിവിടെ ?

ഓണം



ഓണത്തുംബിക്കൊരു ഊഞ്ഞാല് കെട്ടാൻ 
ഓടി വാ കാറ്റേ ചൂളം കുത്തി  വാ കാറ്റേ 
ഓണത്തപ്പനു കേൾക്കുവാനായിന്നൊരു 
ഓണ പാട്ടും പാടി വാ കൊച്ചിളം കാറ്റേ 

കൈത്താളം കൊട്ടി കാൽത്തള കിലുക്കി 
കൈകൊട്ടി പാടി മുറ്റം നിറയെ കറ്റകിടാങ്ങൾ 
 കിളി കൊഞ്ചൽ  തഞ്ചും പൊന്നധരത്തിൽ 
കൊടുക്കുന്നു മുത്തം ഓണ പൊൻ വെയിൽ 



Monday 8 September 2014

ഓണം പൊന്നോണo



വെള്ളില താളിക്കുപൊൻ  കമ്മല് തീര്ക്കുന്നു
വെള്ളോട്ട് കിണ്ണത്തിൽ താളി പതക്കുന്നു
വള്ളികളിൽ തത്തി കിന്നാരം ചൊല്ലുന്നു
വണ്ണാത്തിപ്പെണ്നും കുഞ്ഞു മഞ്ഞക്കിളിയും .

ഓണവും വന്നെത്തിനോക്കി  പോയെന്നൊരു
ഒലേഞാലിക്കിളി പാടി ഇടയ്ക്കു പതം പറഞ്ഞു
ഓടി നടന്നു കതിരുകൾ കൊത്തി പെറുക്കുന്നു
ഓമന പൊൻ തത്തയും വെള്ളരി പ്രാവുകളും ....

Friday 5 September 2014

കിളികൾ



പൊന്നോണ  വെയിൽ  വന്നു ഉമ്മവെച്ചെന്റെ
പൂവാടിയെല്ലാം പൂത്തുലഞ്ഞല്ലോ പുലർകാലേ
പൂങ്കവിൾ തേടിയൊരു പൂത്തുംബിയെത്തി
പൂവിൻ കവിൾ നാണത്താൽ അരുണിമയാർന്നു .

കൊച്ചിളം കാറ്റുംകലപില പറഞ്ഞെത്തി കറങ്ങി
മുറ്റത്ത്  തത്തി കളിക്കുന്നു കിളികൾക്ക് കൂട്ടായ്
പിഞ്ചിളം പൈതലും കൊഞ്ചി കളിച്ചു രസിച്ചു
പൂക്കളം തീര്ക്കുന്ന പൂതുംബിയോടോത്ത് .....

Thursday 4 September 2014

നഷ്ട സ്വപ്നങ്ങൾ



കത്തുന്ന സൂര്യനോടിത്തിരി തീ വാങ്ങി
കത്തിച്ചു ഞാനെൻ മനസ്സിന്റെ കോണിലായ്
നഷ്ട സ്വപ്നങ്ങളെ തീയിലെറിഞ്ഞു ഞാൻ
ഇഷ്ട വരത്തിനായ് കാത്തിരിക്കുന്നു ദിനം

പൊയ്പ്പ്പോയ കാണാകിനാവിന്റെ തോണിയും
പോയ്‌ മറഞ്ഞൊരാ വസന്തവും ഗ്രീഷ്മവും
തിരികെ വരില്ലെന്നറിഞ്ഞിട്ടും തിരയുന്നു
കാലത്തിൻ കൈകളിൽ മുത്തും ചിപ്പിയും ..

Tuesday 2 September 2014

കള്ള കാറ്റ്



എങ്ങു നിന്നോ വന്നൊരു കാറ്റെൻ 
മുല്ല വള്ളിയെ ആഞ്ഞൊന്നു പുല്കി 
മുല്ലച്ചോട്ടിൽ ഓണ പൂക്കളം തീർത്തു 
കള്ള കാറ്റ് കണ്ണ് പോത്ത്തിക്കളിച്ചു ...

പുല്ലാനി പൂക്കൾ നറും പുഞ്ചിരി തൂകി 
പൂവാടിയെല്ലാം കോൾമയിർ കൊണ്ടു 
പൂവാലൻ തുമ്പിക്ക് താലി കെട്ടിന്ന് 
പൂത്തുമ്പ കല്യാണ മാലയോരുക്കി .....

ചിങ്ങo


ചിങ്ങ കൊയ്തിന്നു കൈത്താളം കൊട്ടാൻ
ഓടക്കുഴലൂതി ഓടി വാ കുഞ്ഞിളം കാറ്റേ
ചാഞ്ചാടും നെൽക്കതിർ തൊട്ടു തലോടി
കിന്നാരം ചൊല്ലുന്ന പൊന്നിളം കാറ്റേ

പോന്ന്നാര്യൻ പാടം പൊൻവെയിൽ ചാർത്തി
പൊന്നിൻ കതിർക്കുല ചാഞ്ചാടിയാടി
കൊയ്ത്തരിവാളിൻ വായ്ത്തല മിന്നി തിളങ്ങി
പാടി പതിഞ്ഞ പെണ്ണാളിൻ പഴംപാട്ടിൽ

പൊലി ...പൊലി  പൂപ്പോലിയോ പാടും
ഇല്ലം നിറ വല്ലം നിറ പൊന്നോണ കാറ്റേ
മുറ്റം നിറയെ കറ്റകൾ വന്നു നിറഞ്ഞു
ചിങ്ങപ്പുലരിയിൽ നിറ സമൃദ്ധി ചൊരിഞ്ഞു .


Monday 1 September 2014

മുത്തശ്ശി അമ്മ



മഞ്ഞും മഴയും അലക്കി വെളുപ്പിച്ചും
മാറ്റത്തിൻ മാറ്റൊലി കേട്ട് തഴബിച്ചും
കാലത്തിൻ കോലത്തെ  കണ്ടു മരവിച്ചും
മുത്തശ്ശി അമ്മ തൻ  കാലം കഴിഞ്ഞു പോയ്‌

ഇത്തിരി ചൂടിനായ് കുത്തിയിരിക്കുന്നു
ഒത്തിരി സ്വപ്നങ്ങൾ  തീയായ് ജ്വലിപ്പിച്ചു
വാര്ദ്ധക്ക്യം നരപ്പിച്ച മനസ്സും മരവിച്ചു
ഏകാന്ത പാതയിൽ മരണവും വന്നില്ല !!!

Saturday 30 August 2014

പെരും മഴ



ഇത്തിരി കോപത്തിൽ എത്തി ദിവാകരൻ 
ചിത്തിര പെണ്ണിൻ കൈപിടിക്കാൻ ....
കുത്തിയൊഴുകും പെരുംമഴ പാച്ചിലിൽ 
അത്ത പൂവോക്കെയും ചിതറിപ്പോയി .

ചെത്തിയും മന്ദാര ചില്ലയും പൂക്കളാൽ 
കുമ്പിട്ടു വന്നിച്ചു പുലർ കാലേ തന്നെ 
ചെന്താമര പെണ്ണ് നാണിച്ചു നില്ക്കുന്നു 
കവിളിൽ പ്രഭാകരൻ മുത്തിയ പോൽ ...





Friday 29 August 2014

അത്തപൂക്കളം


പൂവേ പൊലി  പൂവേ പൊലി പൂവേ പൊലി പൂവേ
പൂവാടി നിറയുന്ന ചെല്ല ചെറു കാറ്റേറ്റ് പാടി .
പൂ കൂട നിറക്കാനായ് കുന്നും മലയും താണ്ടി
പൊന്നോണം വന്നെത്തി മുറ്റത്ത്‌ ചേലിൽ ...
മുത്തശ്ശിയമ്മയും ഇടുന്നിന്നൊരു പൂക്കളം
കറ്റ കിടാങ്ങൾക്ക് കണ്‍ കുളിർക്കാനായ്
മാമല നാടിന്റെ പൊന്നോണം  വരവായ്
ഇല്ലം നിറ വല്ലം നിറ പൊന്നോണ നിലാവേ....
പുത്തിരി ചോറും പുളിങ്കറിയും വെച്ച് ...
മുത്തശ്ശി ഇന്നും വിളിക്കുന്നു എന്നെ ...



Monday 25 August 2014

ചെമ്പകം



മുത്താരം മുത്തി മണത്തൊരു കാറ്റ്
മുത്തുക്കുട പിടിച്ചെത്തിയ നേരം
മുറ്റത്തെ ചെമ്പക പൂമരക്കൊമ്പ് ....
മുത്ത്‌ വിതറി നാണിച്ചു നിന്നു .


Tuesday 12 August 2014

സൂര്യൻ



വാനത്തിൻ മേലെ തെരേറി വന്നു
മാനത്തിൻ പൊന്മുഖം ആകെ ചുവന്നു
നാണത്തിൻ സിന്ദൂരം  വാരി വിതറി
സൂര്യാംശു വന്നു തൊട്ടു തലോടി 

Monday 11 August 2014

കാർ മേഘo


കാവുകൾക്കപ്പുറo പാടത്തിൻ മേലെ
കുടപിടിച്ചെത്തും കാർ മേഘ പെണ്ണെ
കാറ്റിൻ കൈകൾ തട്ടി നിൻ കണ്ണിൽ
കണ്ണീർ ഉതിർന്നോ മണ്ണിൽ പതിഞ്ഞോ ?


Thursday 7 August 2014

മലനാട്


മുത്തിയുയണർത്തി കോടക്കാറ്റു
മുറ്റം നിറയെ മുല്ല വിടര്ന്നു
മന്ദാരത്തിൻ ചില്ലകൾ തോറും
പുഞ്ചിരി തൂകി പൂക്കൾ വിരിഞ്ഞു

ചെത്തി പൂവും ചെമ്പക മലരും
ചെന്താമരയും കളികൾ  പറഞ്ഞു
തഞ്ചി കൊഞ്ചി പൂങ്കുല തോറും
മഞ്ഞ കിളിയും കുരുവികളും ....

അരളിപ്പൂവിൻ അരികിലിരുന്നു
തരളിതയായി വരിവണ്ട്
തുളസി കതിരുകൾ നാമം ചൊല്ലി
തുകിലുണർത്തുന്നെൻ മലനാട്








മഴതുള്ളി


താളംതുള്ളുന്ന  മഴതുള്ളിചൊല്ലി
താഴെ പോയവരാം ഞാനുമോന്നിപ്പോൾ
മണ്ണിൻ മാറിൽ കവിത രചിച്ചു
പൊന്നിൻ വിത്തുകൾ പൊട്ടി വിരിയിച്ചു .

പൊന്നാര്യൻ പാടം മാടി വിളിച്ചു
നെഞ്ചിൽ മഴയേറ്റിതാലോലം പാടി
സൂര്യാംശു വന്നു പൊന്നുമ്മ നല്കി
നെൽക്കതിർ നിന്ന് കാറ്റിൽ ഉലഞ്ഞു .

Monday 4 August 2014

കാലം



കത്തും കനലുമായ് നെഞ്ചിലെ ആഴിയിൽ
കത്തിയമർന്നൊരു സ്നേഹത്തിൻ ദീപമേ
ഒത്തിരി ഒത്തിരി സ്നേഹത്തിൻ മുത്തുകൾ
കോർത്തൊരു മാല്യം ഞാൻ കരുതി വെച്ചിടാം .

കാലപ്രവാഹത്തിൽ കുത്തിയൊലിച്ചൊരു
കനലിൻ പ്രവാഹമായ് മണ്ണിൽ അലിഞ്ഞുവോ ?
കരുണയില്ലാത്ത കാലമേ തിരിച്ചു നല്കുനീ .
കൈവിട്ടു പോയൊരാ സ്നേഹപ്രവാഹത്തെ .

കിട്ടില്ലെന്നറിഞ്ഞിട്ടും മോഹിച്ചു പോകുന്നു
കിട്ടാക്കാനി  തേടി അലയുന്നു ഞാനിന്നും
നെഞ്ചോട്‌ ചേർത്ത് പിടിക്കുന്നതൊക്കെയും
തട്ടിത്തെറിപ്പിച്ചു കാലമാം കാട്ടാളൻ !!


Thursday 10 July 2014

നികൃഷ്ടർ


നേർക്ക്‌ നേർ നിന്നെന്റെ മക്കളെയെല്ലമേ
ചുട്ടു കരിച്ചു രസിക്കുന്നോ നായക്കളെ ?
അണ്ഡകടാഹം മുഴങ്ങുന്ന ശാപങ്ങൾ
നിങ്ങളെ തേടി വരുന്നുണ്ട് പിന്നാലെ ....

കത്തിയമരും ചുവരുകൾക്കുള്ളിലായ് .....
കത്തുന്നു  ശാപങ്ങൾ അമ്മ തൻ നെഞ്ചിലും
ചോര മണക്കുന്ന വീഥികൾ തന്നിലായ്
ഘോരമാം ഘർജനം തീര്ക്കും മിസ്സൈൽകളും .

തീർത്താൽ തീരാത്ത മഹാപാപം ചെയ്യുന്നോ
തോരാത്ത  കണ്ണീരിൽ  മുങ്ങുന്നിവരോട് ....
കണ്ടില്ലെന്നു നടിക്കുവാൻ ആകുമോ .
കൊണ്ടേ പഠിക്കൂ  നികൃഷ്ട ജന്മങ്ങൾ !!

Wednesday 2 July 2014

കയർ


കൈത്തലം തന്നിലായ് പിരിയും കയറുകൾ
 കൈത്താങ്ങായ് വന്നിടും പട്ടിണി മാറ്റുവാൻ
ഭൂതലം തന്നിലായ് മേവും മനുജനും
ഭൂമിയിൽ വാഴുവാൻ അന്നമാണാവശ്യം .

ധൂർത്ത് നടത്തി ധരയിൽ മദിക്കുമ്പോൾ
ദൂരത്തു പട്ടിണി കൊടികുത്തി വാഴുന്നു !
അന്നമൂട്ടാനായി  നാം കൈകൾ നീളണം
അയവാസി പട്ടിണിയാൽ മരിക്കുമ്പോൾ .

കൊണ്ടുപോകാനായി ഒന്നുമേ കൂട്ടാതെ
വന്നപടിയെ നാം പോയിതന്നാകണം .
ആറടി മണ്ണിന്റെ ജന്മികളല്ലോ നാം ....
മണ്ണായി തീരുവാൻ ജന്മം കൊണ്ടവർ !

കയറായി പിരിയുന്നു പൊട്ടുന്നു ജീവിതം
കെട്ടുറപ്പില്ലാത്ത കുടുംബ വ്യവസ്ഥയിൽ
 സ്നേഹത്താൽ പാശം തീര്തിടാം മനസ്സിലും
സന്ദേഹമില്ലാതെ ധരയിൽ  വാഴുവാൻ .



Tuesday 1 July 2014

പൂവാലൻ തുമ്പി

നീല ചിറകുള്ള പൂവാലൻ തുമ്പി
നീയിന്നു പോരുന്നോ എന്നുടെ കൂടെ
നീലവിഹായസ്സിൽ പാറി പറക്കാം ...
നിശ്ചല ദൃശ്യങ്ങൾ കണ്ടുമടങ്ങാം

ആഴിതൻ നീലിമ ചെലോടെ കാണാം
അംബരം മുട്ടുന്ന മാമല കാണാം
ആര്യൻ പാടം കൊയ്യുന്ന കാണാം
അമ്പോറ്റി തമ്ബ്രാന്റെ കൊട്ടാരോം കാണാം

കാലികൾ മേയുന്ന കുന്നിൻ ചെരുവിൽ
കാലേ വിരിയുന്ന പൂക്കളും കാണാം
കാതിൽ  കാറ്റിന്റെ പാട്ടൊന്നു കേൾക്കാം
കടലിൻ തിരകളെ കയ്യാൽ തലോടാം .




Monday 23 June 2014

കൂട്ടുകാരൻ


നക്ഷത്രം മിന്നുമീ കണ്ണുകളിൽ നോക്കി ചൊല്ലി കഥകളൊരായിരം
കൊണ്ട് പോയെന്നെ അങ്ങകലെ നക്ഷത്രം പൂക്കുന്ന താഴ്‌വരയിൽ 
അമ്പിളി മാമനും താരകളും പുഞ്ചിരി തൂകും രാവിൽ ഏറെ നേരം 
വെള്ളി തേരിൽ വരും രാജകുമാരൻ കഥ ചൊല്ലി സ്വപനം തന്നു 
താരാട്ടു പാടിഉറക്കിയെന്നെ താരിളം കയ്യാൽ തലോടി മെല്ലെ 
വാർ മഴവില്ലിൽ ഊഞ്ഞാലാട്ടി കുഞ്ഞി കാറ്റ് തലോടിടുമ്പോൾ 
കുഞ്ഞി കയ്യാൽ ഇറുത്തു തന്നു ഒരായിരം നക്ഷത്ര പൂക്കളേയും 
കൈക്കുമ്പിളിൽ മിന്നി തിളങ്ങി നിന്ന് കണ്ണുകൾ ചിമ്മി താരകളും 
സ്വപനം പൂക്കുന്ന പൂവാടിയിൽ കൈ  കോർത്ത്‌  നമ്മൾ  ആടി പാടി 
ബാല്യകാല സഖേ നീ പോയതെന്തേ കുഞ്ഞി കൈകൾ അടര്തി മെല്ലെ 
മേഘങ്ങൾ താരാട്ടും തൊട്ടിൽ തേടി എന്നെ തനിച്ചാക്കി പോയതെന്തേ?
എന്നെ പിരിയാൻ  നിനക്കെങ്ങിനായി ...കുഞ്ഞു മനസ്സ് കരഞ്ഞു ചൊല്ലി 
എന്നെങ്കിലും നമ്മൾ കണ്ടിടുമോ ..കാലത്തിൻ ചക്രം തിരിഞ്ഞിടുമ്പോൾ ?

Saturday 21 June 2014

നിശാഗന്ധി


മനോഹരി നീയൊരു മലരായ് വിടര്ന്നതെന്തേ .
രാവിൻ  ഇതൾപൂ കൊഴിഞ്ഞതില്ലതിൻ മുന്നേ 
മറഞ്ഞു നീയും മിഴികൾ പൂട്ടി തളര്ന്നു വാടി
 വേണി തുമ്പിൽ വിലസും കുഞ്ചലം പോൽ ....
കാറ്റിലാടും സുരസുന്ദരി നിന് പരിമളം
ചോരനാം രാവ് കടമെടുത്തോ നീയറിയാതെ
മിഴി തുറക്കൂ മനോഹരി രാവിൻ  സുന്ദരി
ഒന്ന് കൂടി നിന്നെയൊന്നു കണ്ടിടാൻ .
കടം കൊണ്ടു പാലയും കുടമുല്ലയും സൌരഭ്യം
വെളുവെളുക്കെ ചിരി തൂകി നിൽപ്പു നിന് ചാരെ
നീ മാത്രം കണ്‍ തുറന്നതില്ല എൻ ഓമലെ
പുലരി വന്നു നിന് നിറുകയിൽ ചുംബിച്ചിട്ടും !
ഒരു മഞ്ഞു തുള്ളി നിൻ ചുണ്ടിൽ ഇറ്റിച്ചു
മാരുതൻ കടന്നുപോയ് തിരിഞ്ഞു നോക്കാതെ
നമ്ര ശിരസ്സോടെ കണ്ണീർ തൂവും വന പുഷ്പമേ
നിനക്കാരീ പേര് തന്നു മനോഹരാംഗി ?

Tuesday 17 June 2014

കടലിന്റെ മക്കൾ


നെഞ്ച്  പിടയുന്ന നേരത്തും മാനത്ത്
ഒരഞ്ചാറു ഇടിവെട്ടി മഴയും പെയ്തു
കരയും കടലും കരഞ്ഞു വിളിക്കുന്നു
 തിരകൾതെങ്ങോളം പൊക്കത്തിലായ് !
പൈതങ്ങൾ പശിപോക്കാൻ വഴിയിയേതുമില്ലല്ലോ
കൂരയിൽ തീയാളാൻഇനി  എന്ത് ചെയ്യും?
കാറ്റിൽ ഉലയുന്ന യാനങ്ങൾ തമ്മമ്മിൽ
കൈകൊട്ടി ആരെയോ വിളിച്ചിടുന്നു
മാനത്ത് മേഘങ്ങൾ ...തീ വാരി വിതറുന്നു
മനസ്സിലും തീയാളി കണ്‍ കലങ്ങി .....
ട്രോളിങ്ങ് നിരോധനം നീങ്ങുന്നതിന്നായി
കടലിൻ മക്കൾ കാത്തിരിപ്പൂ ....വീണ്ടും
ചാകരക്കാലം കിനാവ്‌ കണ്ടു .....
മഴ മാറി മാനം തെളിയുന്ന നേരത്ത്
ഒരു കോരി മീനുമായ് വരികയമ്മേ .....
കടലമ്മേ നീ തന്നെ തുണയിവര്ക്ക് ......

Friday 6 June 2014

കലാപം



തിരികെ തരു ....തിരികെ തരു ...എന്നമ്മയെ
തിരിച്ചു നല്കു എന്നമ്മിഞ്ഞയും അമ്മയും .....
കരഞ്ഞു കൊണ്ടവൻ  മുട്ടിലിഴയുമ്പോൾ
കരയാതിരിക്കുന്നതെങ്ങിനെ നാമെല്ലാം ?
ദുരിതങ്ങൾ മാത്രം വിതക്കും  കലാപങ്ങൾ
ദുരിതക്കടൽ തീര്ക്കുന്നു കണ്ണീരിൽ ബാല്യങ്ങൾ
കരകാണാ തീരം തേടുന്നു മാനവരെന്തിനൊ
കരുണ വറ്റിയ കാട്ടാള ജന്മങ്ങളായ് മാറി ....
അമ്മ എന്ന് വിളിച്ചു കൊതി തീര്ന്നില്ലതിൻ മുന്നേ
അമ്മയെ തോക്കിൻ ഇരയാക്കിയ ദുഷ്ടന്മാർ ....
കൈ പിടിച്ചു നടത്തുവാൻ ആളില്ലാതെ
കൈവിട്ടു പോയരാ മർത്ത്യ ജന്മങ്ങളും ....
അലയുന്നു ഉയിരോടെ പകതീരാ മനവുമായി
ഉഴറുന്നു  ഭൂമിയിൽ ഉയിരിന്നായ് പോരാടി ....

Saturday 17 May 2014

പെരിയാറിന്റെ സ്വപ്നം


തിത്തിരി പക്ഷികൾ കലപില കൂട്ടി
താഴെ പുഴയിൽ ആറ്റുവഞ്ചിക്കുള്ളിൽ
തീരാത്ത ദുഖവും പേറിയെൻ പെരിയാർ
താഴോട്ടോഴുകി കടലിനെ പുല്കാൻ .
കടലിൻ തിരയിൽ അലിഞ്ഞിട്ടു വേണം
കാണാത്ത സ്വപ്നങ്ങൾ കണ്ടു മയങ്ങാൻ
ചക്രവാളത്തിൻ സീമയിൽ ആദ്യം
വിരിയും മഴവില്ലിനെ കയ്യെത്തിപ്പിടിക്കാൻ
മറ്റൊരു മുകിലായ് പിറവിയെടുക്കാൻ
വീണ്ടും ജനിക്കാൻ പുഴയായ് ഒഴുകാൻ .

Friday 9 May 2014

മോഹമഴ


തഴുകുന്ന കാറ്റിൻ  കൈകൾ തലോടി
പരിഭവം ചൊല്ലി വരാനെന്തേ വൈകി .?
ഏകാന്ത രാവിൽ കുളിരില ചാർത്തിൽ
മോഹത്തിൻ മൈന വിങ്ങി വിതുമ്പി
രാവിൻ ഇതൾ പൂ കൊഴിയുന്ന മുന്നേ  .
വരുമെന്ന് ചൊല്ലി പിരിഞ്ഞതില്ലാരും
ചക്രവാകത്തിൻ തേങ്ങൽ ഒതുങ്ങി
മഴക്കാറ് വന്നു മുട്ടി വിളിച്ചു
കാർമേഘ പെണ്ണിൻ കണ്ണ് കലങ്ങി
പ്രുഥ്വി തൻ മാറിൽ വീണു മയങ്ങി
പീലി വിടർത്തി മയിലുപോൽ മാനം
നൃത്ത ചുവടിൻ താളം പിടിച്ചു
പുളകപൂ ചൂടി മാമരമെല്ലാം
മംഗളം പാടി രാക്കിളി പെണ്ണ് .....


Friday 2 May 2014

പട്ടം


ആകാശ കോണിൽ കാറ്റിൽ ഉലഞ്ഞു
ആശയാം പട്ടം വട്ടം തിരിഞ്ഞു
ആശങ്കയോടെ മനസ്സൊന്നു തേങ്ങി
ആശിച്ച ദൂരം പോയില്ല പട്ടം .

വട്ടം തിരിയുന്ന പട്ടവും നോക്കി
വട്ടു പിടിച്ചു ജീവിതം ബാക്കി
വെട്ടി തിരിഞ്ഞു നടക്കുവാൻ പോകെ
വെട്ടം ഉദിച്ചു മനസ്സിന്റെ കോണിൽ

വട്ടം തിരിക്കുന്ന പട്ട ചരട്
വെട്ടി മുറിച്ചങ്ങു  ദൂരെ എറിഞ്ഞു
വെട്ടി പിടിക്കുവാൻ ആഞ്ഞു കുതിച്ചു
വെട്ടം തരുന്ന വഴികളിലൂടെ ......