Saturday, 25 May 2013

കാറ്റ്




നാട് ചുറ്റി ഓടി വരും പൂങ്കാറ്റെ
ചൂളമടിച്ചെന്തെ  വന്നു ചൊല്ലുന്നു
കാവ് താണ്ടി പോരുമ്പോൾ കണ്ടുവോ
എൻ കാമദേവൻ കാത്തുകാത്തിരിപ്പുണ്ടോ?
പുത്തിലഞ്ഞി ചോട്ടിലവൻ നില്പുണ്ടോ?
നിൻ കയ്യിലവൻ തന്നു വിട്ടോ പൂമണം
എൻ ചുണ്ടിൽ വിരിയിക്കാൻ ഒരു പുഞ്ചിരി
നിന് കൈയ്യിൽ ഞാൻ തന്നയക്കാം തേൻകണം
എൻ മാരനവൻ ചുണ്ടിൽ നല്കാൻ ഒരു മുത്തം
വിരഹിണിയെൻ നെഞ്ചിൽ ഊറും നൊമ്പരം
ചൊല്ലിടാമോ അവൻ കാതിൽ മെല്ലെ നീ
കോവിൽ ചുറ്റി വലം വെക്കും ആവണി കാറ്റേ
ഞാനും കൂടെ പോന്നിടട്ടെ നിൻ കൂടെ 

നിയമം




കണ്ണ് കെട്ടിയ നിയമ വാഴ്ചകൾ
കണ്കെട്ട് കാട്ടുന്ന ചെപ്പടി വിദ്യകൾ
മനുഷ്യ ജന്മത്തിന് പുല്ലുവിലപോലും
കല്പിക്കാനാകാത്ത  കാടൻ  വ്യവസ്ഥകൾ
പണവും ആൾബലവും മുഖ്യമായി
നടമാടുന്ന ഒരു നീതിപീഠം അഹോ
സത്യത്തിൻ കണ്ണുകൾ മറച്ചു വെച്ചൊരു
വിധി ന്യായങ്ങൾ വായിച്ചു മടുത്തു പോയ്‌
മനുഷ്യ മനസ്സിനെ കല്ലാക്കി മാറ്റുന്ന
അവസ്ഥ മാറ്റുവാൻ നേരം അടുത്തുപോയ്‌
കുറ്റക്കാരെ കൊണ്ട് ജയിൽ നിറച്ചിട്ട്‌
തീറ്റി കൊഴുപ്പിച്ചും നാട് മുടിക്കുന്നു
പാവപ്പെട്ടവൻ ഒഴുക്കും വിയര്പ്കൊണ്ടവർ
അമ്മാനമാടി കളിച്ചു രസിക്കുന്നു
ഒന്നുകിൽ നിയമം മാറണം അല്ലെങ്കിൽ
മനുഷ്യൻ മാറിയെ തീരൂ ഈ വ്യവസ്ഥയിൽ 

Friday, 24 May 2013

കടൽ


  

പാൽ നിലാവിൽ കുളിച്ചു നില്കുംഓമലാളെ 
കാലിൽ വെള്ളി കൊലുസിട്ട സുന്ദരി പെണ്ണെ 
കിലുകിലെ ചിരിച്ചു പാൽ നുര വിതറിയെൻ 
കാലിൽ ഇക്കിളി കൂട്ടി കളി പറഞ്ഞതെന്തേ?
കറുത്ത പട്ടിൽ വെള്ളി ഞൊറിയുള്ള പാവാട 
നിൻ കണം കാലിൽ മുട്ടിയുരുമ്മും പട്ടുപാവാട 
അഴകോലും തിരകൾ മാടി ഒതുക്കി വെക്കുന്നു 
വദനത്തിൽ ചന്ദ്ര ബിംബം ഉമ്മ വെക്കുന്നു 
കണ്ണ് കാണാ ദൂരത്തു തിരമാല കുഞ്ഞുങ്ങൾ 
തിത്തൈ തിമൃതോം പാടി നൃത്തം വെക്കുന്നു 
കളിപറയാൻ പടിഞ്ഞാറൻ കാറ്റുമെത്തുന്നു 
ഓളങ്ങൾ ഏറ്റു പാടിയ പാട്ടിൻ താളത്തിൽ 
കുഞ്ഞോല പീലിവിടര്തി ആടി രസിക്കുന്നു 
മനസ്സിനെ മായാ ലോകം കാട്ടി കൊതുപ്പിച്ചു 
അറബി കടലെൻ ഉള്ളിലിരുന്നു ഇക്കിളി കൂട്ടുന്നു 

Thursday, 23 May 2013

നാടിൻ ഗന്ധം


ഓടി നീങ്ങുന്ന മരങ്ങളും ആകാശവും
കണ്ണിൽ നിന്നും മറയുന്ന ദൃശ്യങ്ങൾ
വണ്ടി നീങ്ങുമ്പോൾ മണ്ടി മറയുന്നു
കണ്ണിലൂടൊരു ലോകവും ജനങ്ങളും
സന്ധ്യ മയങ്ങിയ നേരം പൊതുജനം
ധൃതിയിൽ നീങ്ങുന്നു കൂടണയുവാൻ
ഗുരുവായൂരിൻ പരിസരമെത്തിയാൽ
മുല്ലപ്പൂ ഗന്ധം മൂക്കിലടിക്കുന്നു
തെല്ലു നീങ്ങിയാൽ പടിഞ്ഞാറൻ കാറ്റിന്റെ
ഉപ്പു രസം വന്നു തൊട്ടു തലോടുന്നു
വീണ്ടുമങ്ങനെ നീണ്ടു കിടക്കുന്നു
ടിപ്പുസുൽത്താൻ റോഡ്‌ കണ്ണെത്താ ദൂരത്തിൽ
പാതയോരത്തെ പറന്ഗി മാവുകൾ
പൂത്തുലംഞ്ഞങ്ങനെ ചിരിച്ചു നില്ക്കുന്നു
മത്തു പിടിപ്പിക്കും മാമ്പൂവിൻ മണം
സിരകളിൽ ഉന്മാദ ഗന്ധം പരത്തുന്നു
വയൽ നടുവിലൂടെയാ പാതയിൽ
വിയര്പും ചെളിയും കലര്ന്നൊരു ഗന്ധം
നമ്മുടെ നാടിന്റെ വൈവിധ്യ ഗന്ധങ്ങൾ
മറക്കുവാനാകത്ത മനസ്സിൻ നഷ്ടങ്ങൾ 

Wednesday, 22 May 2013

പ്രതീക്ഷ



തെക്കൻ കാറ്റിന് ചൂടേറി ചുറ്റിക്കറങ്ങി നാടെങ്ങും
തെങ്ങോലകളിൽ ചാഞ്ചാടി ഓലേഞ്ഞാലി കിളിയൊന്നു
മേടം വന്നാൽ മഴ പെയ്യും ചൊല്ലി വിഷുപക്ഷിയും മെല്ലെ
 കൊന്നകളെല്ലാം പൂ ചൂടി കെട്ടിയൊരുങ്ങിയിരിപ്പാണ്
ഇന്ന് വരും മഴ നാളെ വരും നാടും വിങ്ങി വിതുമ്പുന്നു
വിത്തിറക്കാൻ കഴിയാതെ മാനം നോക്കിയിരിപ്പാണ്
താഴെ ഭൂമി ഉരുകുന്നു വേനൽ ചൂടിൻ കാഠിന്യം ചൊല്ലി
മർത്യർ വിലപിച്ചു വ്യസനം കൊണ്ട് നടക്കുന്നു
പെട്ടെന്ന് എത്തി മഴയൊന്നു കണ്ണും മണ്ണും കുളിര് ചൂടി
മണ്ണിനെ ഉഴുതു മറിക്കുന്നു വിത്തും വളവും നല്കുന്നു
പുല്കൊടി നാമ്പുകൾ തലപൊക്കി വന്ദനമാദ്യം ചൊല്ലുന്നു
കിഴക്കൻ മാനം കലി പൂണ്ടു മേഘ കൂട്ടം ഗർജിച്ചു
മിന്നൽ പിണരുകൾ നെടു നീളെ വെള്ളി വെളിച്ചം തൂവുന്നു
എങ്ങും പുത്തൻ ഉണർവേകി മാമല താണ്ടി വന്നു മഴ 

Sunday, 12 May 2013

അമ്മ


നെഞ്ചിൽ അടുക്കി പിടിച്ച തന്നമ്മയെ
നെഞ്ചിൽ ചവുട്ടി കടന്നു പോം മക്കളെ
അമ്മ തൻ കാലിൻ ചുവട്ടിലാണ്  സ്വർഗം
വേറൊരു സ്വർഗ്ഗവും ഇല്ലാ ഈ പാരിതിൽ

പത്തു മാസം ചുമന്നു നടക്കുമ്പോൾ
കൈകാൽ വളരണയെന്നവൾ പ്രാർതിച്ചു
പൊക്കിൾക്കൊടി അറുത്ത് തൻ ബന്ധം
വേർപെടുത്തുമ്പോൾ ജീവനായ് പ്രാർത്ഥിച്ചു 

അമ്മിഞ്ഞ ഊട്ടുമ്പോൾ ആയുസ്സ് നല്കാനും 
പിച്ച വെക്കുമ്പോൾ അടി തെറ്റാതിരിക്കാനും
അക്ഷരം എഴുതുമ്പോൾ നേർവഴി കാട്ടാനും
അന്നം ഊട്ടുമ്പോൾ നന്മക്കായ് പ്രാർഥിച്ചു

നല്ലവരായി വളരുക മക്കളെ ഈ പാരിതിൽ
അമ്മയോളം വരില്ലോന്നുമേ നിൻ മുന്നിൽ
ശാന്തിയും  സൌഖ്യവും  നല്കും ഈശ്വരൻ
എന്നും ഈ ചിന്തകൾ മനസ്സിലുണ്ടാവണം .

Wednesday, 8 May 2013

മിന്നാമിനുങ്ങ്‌


കൂരിരുട്ടിൽ നിന്ന് കണ്ണ് ചിമ്മി
നോക്കുന്നിതാരാണ് മെല്ലെ മെല്ലെ
പച്ച വെളിച്ചം എൻ നേർക്ക് നീട്ടി
പൊങ്ങിയും താണും പറന്നിടുന്നു
കുഞ്ഞു വെളിച്ചത്തിൽ കൂരിരുട്ട്
കണ്ണ് പൊത്തി കളിച്ചിടുന്നു
പൊങ്ങി പറന്നു മരച്ചില്ല മേലെ
എത്തി പിടിച്ചു വികൃതി കാട്ടിടുന്നു
പച്ചില ചാർത്തിൽ തെളിഞ്ഞ വെട്ടം
കണ്ണിന്നു കവ്വ്തുകം ഏകിടുന്നു
കുഞ്ഞൻ എന്നാകിലും തന്നാലെ
ഇത്തിരി വെട്ടം പകർന്നിടുന്നു
കണ്ടു പഠിക്കുവാൻ ഉണ്ടതിലും
ഒരു കൊച്ചു പാഠം നമുക്കേവർക്കും
തന്നാൽ കഴിയും വിധം നൽകിടേണം
ഉള്ളിലുള്ള വെളിച്ചം പാരിതിന്ന്

കുപ്പത്തൊട്ടി


ജടപിടിച്ചു ചെമ്പിച്ച തലമുടിയും
തണ്ടലോട് ഒട്ടിയ വയറും
കുഴിഞ്ഞു പീളയടിഞ്ഞ കണ്ണും
നാണം മറക്കാൻ ഒരു ചെറു തുണിയും
കയ്യിലൊരു വടിയും കരുതിയവൻ
കുപ്പത്തൊട്ടി ക്കരുകിൽ വന്നു നില്കും
ദയനീയ കാഴ്ച കാണുന്നിതാ
ആരുടെയോ അച്ചനാകാം മുത്തച്ചനാകാം
വീട്ടിൽ നിന്നും നിഷ്ക്കാസിതൻ .
നായ്ക്കളോട് മല്ലിട്ട് കൈക്കലാക്കി
എച്ചിൽ ഇലയോന്നു സ്വന്തമാക്കി
ആർത്തി പൂണ്ടവൻ തിന്നിടുന്നു
ഒരു നേരം ആഹാരം കിട്ടുവാനായി
ഓടിയെത്തുന്നവൻ ദൂരെ നിന്നും
കണ്ണിൽ കാണുന്നതൊക്കെ നീക്കി
നോക്കി മടുത്തെറിഞ്ഞിടുന്നു
മനസ്സിൽ കോറി വരഞ്ഞയീ കാഴ്ച
മായ്ക്കുവാൻ പാടുപെടുന്നു ഞാനും
പിന്നോട്ട് നോക്കണം നമ്മളെന്നും
ഈശ്വര കൃപ സ്മരിച്ചിടെണം
അച്ഛനമ്മമാരെ തെരുവിലാക്കും
മക്കളെ ഓര്ക്കുക നാളെ നിങ്ങൾ
തെരുവിൽ അലയാൻ ഇടവരല്ലെ!
പോറ്റി വളർത്തിയ കൈകളെയും 
തട്ടി എറിയാൻ ഇടവരല്ലെ !

ആസ്പത്രി



ഗതി കെട്ടു വലഞ്ഞവർ എത്തും 
നമ്മുടെ നാട്ടിലെ ആസ്പത്രി 
പേരോ ഗെവര്മെന്റ്റ് ആസ്പത്രി 
കട്ടിലുമില്ല കിടക്കയുമില്ല 
വിരിയോ പായയോ ഒന്നുമില്ല 
വന്നവർ വന്നവർ തറയിൽ 
തന്നെ ചെന്ന് കിടക്കും ആസ്പത്രി 
ഒന്നോ രണ്ടോ ഗുളികകൾ കൊണ്ട് 
ജാലം കാട്ടും അപോത്തിക്കിരി
ദൈവം തുണച്ചാൽ ജീവൻ കിട്ടും 
നമ്മുടെ നല്ല ആസ്പത്രീൽ 
ലൈറ്റും വെള്ളോം കക്കൂസും 
പേരിനു മാത്രം ആസ്പത്രീൽ 
മുക്കില് മുക്കില് ആസ്പത്രി 
മൂക്കും പൊത്തി നടക്കേണം 
മാറ്റങ്ങൾക്ക് .നേരം വന്നു 
ശുചിത്വം കൊണ്ട് വരാനായി 
കാലം നമ്മെ വിളിക്കുന്നു 

Saturday, 4 May 2013

സ്വപ്നം


തിരകൾ ഉയരുമീ കടലിൽ ഇന്നലെ 
തിരഞ്ഞു ഞാനൊരു തോണി 
വിദൂരമാം ആകാശ ചെരുവിൽ നില്കുന്ന 
സൂര്യനിൽ എത്തുവാനൊരു തോണി 

അലറി അടുക്കും തിരകളാൽ മൂടി 
അലിഞ്ഞു പോയി ഞാൻ കണ്ട സ്വപ്നം 
തിരിച്ചു പോകുമ്പോൾ തിരകൾ തീരത്ത് 
തകർത്ത് എറിഞ്ഞു എൻ തോണി 

വിഷാദമേഘങ്ങൾ മൂടി സൂര്യനും 
മറഞ്ഞു പോയി കടലിന്നടിയിൽ 
തിരിച്ചു വരുന്ന വരവും കാത്തു ഞാൻ 
തനിച്ച് നിൽക്കുന്നു വിദുരയായിന്നിവിടെ 

മുള്ളുകൾ



വിലക്ക് വാങ്ങുന്നു മുള്ളുള്ള പൂവുകൾ
വിലയായി നല്കി നാം ജീവിതം തന്നെയും
മുറുകെ പിടിക്കുവാൻ ആയുമ്പോളൊക്കെയും
മുറിച്ചിടുന്ന്നിതാ കൈവെള്ളയൊക്കെയും

നിനച്ചിരിക്കാതെ വിധി ചതിക്കുന്നുനമ്മെ
നിഴലിനെ പോലും നാം ഭയക്കുന്നെവിടെയും
മനുഷ്യ കോലത്തിൽ ചെകുത്താൻ വിലസുന്നു
മന്നിലും വിണ്ണിലും സ്വയിരം കെടുത്തുവാൻ

ചുറ്റിലും നിഴലിക്കും അനിശ്ചിതത്തിലും മുറ്റി
ചുറ്റുന്നു നിഴലുകൾ കത്തുന്ന കണ്ണുമായി
കാമത്തിൻ വെറിയുമായ്‌ അലയും ചെകുത്താന്മാർ
കാലത്തിന് ശാപമായി തീരുന്നെവിടെയും

മതവും മതഭ്രാന്തന്മാരും ഒരുക്കുന്നു ചിത
മനുഷ്യ സ്നേഹത്തിൻ അന്ത്യ കർമത്തിനായ്
മനുഷ്യ കുലത്തിനെ കുഴിച്ചു മൂടുന്നിതാ
മനുഷ്യരെ തന്നെ സാക്ഷി നിർത്തികൊണ്ട്


Friday, 3 May 2013

മരീചിക



പ്രേമം ഒരു മരീചിക
 പ്രേമ സ്വാന്തനം ഒരു കാണാ കടമ്പ
 ഒരു തീരാ ദുഃഖം മന്നിലിന്നോളം ഒരായിരം കഥകൾ 
ഒന്ന് പോലും നേരറിയാ കഥകൾ 
കുപ്പിവള പൊട്ടു പോലെ ചിതറിയ
ഒരായിരം നുണ കഥകൾ
വേദനിപ്പിക്കാൻ പിറന്ന കഥകൾ

 വന്നെത്തി നോക്കി മനസ്സില്
മുള്ള് പോൽ കുത്തും പിന്നെ
കൈകൊട്ടി ചിരിച്ചവ പരിഹാസം ഉതിര്തിടും
മുഖം പൊത്തി കരയുവാൻ കഴിയാതെ
ശവം പോൽ ഇരിക്കാനേ കഴിയൂ നമുക്കപ്പോൾ

കരിയില കാറ്റായ് പാറിയ കഥകൾ
കണ്ണിൽ  നോക്കി കള്ളം ചൊല്ലി
നെഞ്ചിൽ ഒരായിരം പൂ വിടർത്തി

കാണാ കാഴ്ചകൾ കണ്ടു മനം 
കോൾമയിർ കൊളളും കഥകൾ 
പുതു പൂക്കൾ തേടും വണ്ടിൻ 
ചാതുര്യം കാട്ടും പ്രണയം 
നഷ്ടദുഃഖം നെഞ്ചിൽ ഏറ്റുംപിന്നെ 
കഷ്ടങ്ങൾ കാലിൻ ചുവട്ടിലിടും 
ഓർമകൾ ഇന്ദ്രജാലം കാട്ടും 
കണ്ണുകൾ തോരാ മഴയായിടും 
ദുഖത്തിൻ മറു പേരാണ് പ്രണയം 

പെരിയാർ


ഒഴുകി തഴുകി പുല്കി വരുന്നു
മനസ്സിലൊരായിരം ഓർമ്മകൾ നല്കി 
കിനാവിൻ മുറ്റത്ത് ഒഴുകി മറഞ്ഞു 
പുലർ കാല സൂര്യൻ ചുംബിച്ചുണർത്തും 
മാനസപുത്രി എൻ പെരിയാർ 

വള്ളിപടര്പ്പിൽ ഒളിച്ചു കളിച്ചു 
വാലാട്ടിക്കിളി കലപില വെച്ചു 
കുരുവികൾ പൂക്കൾ തേടി നടന്നു 
പൂവാലൻ തുമ്പികൾ കൂട്ട് പറന്നു 
തെളിവെള്ളത്തിൽ മീനുകൾ അങ്ങനെ 
പലതര ജാലം കാട്ടി വിളങ്ങി 
അമ്പല മുറ്റത്ത് അരയാലിലയിൽ 
നാമം ചൊല്ലും കുഞ്ഞിക്കാറ്റും 
ഗതകാലത്തിൻ സ്മൃതികൾ ഏറെ 
ഇന്നേ ശിവ ശിവ കാലം മാറി 
കോലം  കേട്ടെൻ പെരിയാറിൻ .
തെളിനീരില്ല കുണ്ടും കുഴിയും 
കൊണ്ട് നിറഞ്ഞെൻ പെരിയാറിൽ 
മർത്ത്യർ കാട്ടും ആക്രാന്തത്തിൻ 
ബാലിയാടല്ലോ പെരിയാറും
മണ്ണും മണലും വാരി കോരി
കട്ട് മുടിച്ചു വിലസി നടപ്പൂ നാട്ടാരും 
കാലം തന്ന മണ്ണിൻ മഹിമയെ 
കണ്ടില്ലെന്നു നടിക്കുന്നു 
നാളെ തുള്ളി വെള്ളം വേണേൽ 
പിച്ചചട്ടിയെടുക്കേണം 
ഉണ്ടോ മണ്ടയിൽഇന്നീ ചിന്ത 
കണ്ടില്ല എന്നുടെ നാട്ടാരിൽ !!!

ഭ്രാന്തി



കാറ്റിൽ കൈതകൾ കെസ്സ് പാടും
കടലോരത്ത് ഉണ്ടൊരു കൊച്ചുവീട്
താഴമ്പൂ ഗന്ധം പരക്കും വീട്
ആമിന ബീവീടെ കൊച്ചുവീട്
ഇത്തിരി വട്ടുണ്ട് ആമിനക്ക്
ഒത്തിരി കഥയുണ്ടതിനു പിന്നിൽ
തഞ്ചത്തിൽ മൊഞ്ചത്തിയെ പാട്ടിലാക്കാൻ
തക്കം പാർത്തു നടന്നു നാട്ടാർ
തൊണ്ടിപ്പഴ ചുണ്ടിൽ വിരിയും ചിരി
മണ്ടിനടന്നവർ കണ്ടു മിഞ്ചി
വണ്ടുകൾ പാറി പറന്നു ചുറ്റും
തേൻഉണ്ട്  ഭ്രുംഗങ്ങൾ മതി മറന്നു
പൊൻമേനി ചന്ദന ചാറൂപൂശി
യവ്വനം കോരി തരിച്ചു നിന്നു
കാലം കോലം വരച്ചു തള്ളി
ആമിന ബീവീടെ കോലം കെട്ടു
ഒട്ടകപക്ഷിയെ പോലെ മാന്യർ
സ്വന്തം തലകൾ മണ്ണിൽ പൂഴ്ത്തി
ദുർവൃത്തി നല്കിയ രോഗങ്ങളാൽ
ഭ്രാന്തിയായ് ആമിന ബീവി പിന്നെ
കൈക്കുഞ്ഞുമായി അലഞ്ഞിടുന്ന
ഭ്രാന്തിയെ നാട്ടുകാർ കല്ലെറിഞ്ഞു
ഇത്തരം ആയിരം ഭ്രാന്തിമാരെ
ഉരുവാക്കും നാട്ടാരെ ആര് കല്ലെറിയും?

Thursday, 2 May 2013

ജീവാമൃതം


വൈശാഖ പൌർണമി തിങ്കളും വന്നല്ലോ 
വെള്ളി നക്ഷത്രങ്ങളും കണ്ണ് ചിമ്മുന്നല്ലോ 
വെണ്‍പട്ടു മേഘങ്ങൾ നീന്തി കളിക്കുന്നു 
വേഴാമ്പൽ ഇന്നും മഴ കാത്തു കേഴുന്നു 
  വിണ്ടു കീറിയ ഭൂമി തൻ മാറിലായ് 
  വരണ്ടുണങ്ങിയ ചെഞ്ചോര പാടുകൾ 
   വെറി പിടിച്ച കാട്ടാളർ കാട്ടിയ കൊടും 
   ക്രൂരതയുടെ വിരൽ നഖപ്പാടുകൾ 
അമ്മ തൻ മാറിലെ അമൃത കുംഭങ്ങളെ 
വെട്ടിയരിഞ്ഞു കൊലവിളി നടത്തുന്നു 
ക്രുദ്ധനാം സൂര്യൻ  ജ്വലിച്ചു കോപത്താൽ 
ചുട്ടെരിച്ചു നാടും നഗരവും ചാമ്പലായ് 
     ഋതുക്കൾ പിണങ്ങി നില്പാണ് ദൂരെയും 
     ചൂടിനാൽ വെന്തു നീറുന്നു ജീവജാലം 
     തിരിഞ്ഞു നടക്കൂ പുറകോട്ടു വീണ്ടുമെന്നു 
      ചൊല്ലുന്നു പ്രകൃതിയും വിഷുപക്ഷിയും 
മലകളും മാമരങ്ങളും തിരികെ തരൂഎനിക്കു 
കുളങ്ങളും തോടും പുഴയുംപാടവും എൻ
കൃഷി സമ്പത്തും തിരികെ തരൂ മക്കളെ 
തിരിച്ചു തരാം ഞാൻ ജലസമ്പത്ത് നാളെ !