Friday, 26 September 2014

ഭൂമി


പൊൻവെയിൽ നാളങ്ങൾ പായ വിരിക്കുന്നു
പൊൻ പട്ടു ചുറ്റുന്നു ഈ ഭൂമിയാകവേ
പൊന്നിൻ കതിർക്കുല കൊത്തി പറക്കുന്നു
പൊന്നാര്യൻ പാടം നിറയെ കിളികളും ....

കാറ്റിൻ ചുണ്ടിലൊരു ഈണവുമായെത്തി
തൊട്ടു തലോടി കുളിര് പകര്ന്നു പോയ്‌
മുറ്റത്ത് തുള്ളി കളിക്കുന്ന പൈക്കിടാവോ നല്ല
കുടമണി കിലുക്കി പൂജാ മുറി തീര്ക്കുന്നു .

Tuesday, 23 September 2014

കിഴക്കിൻ അധിപൻ



ചുംബിച്ചുണർത്തുന്നു സൂര്യാംശു ഭൂമിയെ
നിദ്രാലാസ്യം വിട്ടുണർന്നിടുവാൻ .മെല്ലെ
കാതരയാം കന്യ നാണിച്ചു നില്ക്കുന്നു
കാറ്റിൻ ചൂളം വിളി കേട്ട്   കാതിൽ .....

പക്ഷി വൃന്ദം പല താളത്തിൽ പാടുന്നു
കിഴക്കിൻ അധിപനെ വരവേറ്റിടുവാൻ
പൂക്കളിൽ തേനുണ്ട് മത്തരായി വണ്ടുകൾ
ചുറ്റിക്കറങ്ങുന്നു മുറ്റത്തെ പൂവാടി തോറും .


Thursday, 18 September 2014

കുഞ്ഞിക്കിളി



കുഞ്ഞിക്കിളിയുടെ കൊഞ്ചൽ കാതിൽ
കുഞ്ഞോളങ്ങൾ തീർത്തൊരു നേരം
കുഞ്ഞായ്  പോയ്‌ ഞാൻ കണ്ണ്  മിഴിച്ചു
കൂടെ പാടി  ആമോദത്താൽ കു.ക്കു ..കുക്കു ......

കിളികൾ കൊഞ്ചി തഞ്ചും പുലരിയിൽ
കാറ്റോ മഴയോടൊപ്പം വന്നു നൃത്തം വെച്ചു
കാറ്റിൻ  കൈതാളം കേട്ടൊരു കാടും മേടും
കാകളി പാടി കൈകൊട്ടിക്കളിയാടി നീളേ .....



Wednesday, 17 September 2014

പ്രഭാതം



സുസ്മേര വദനനായ് എത്തി  പ്രഭാകരൻ
സുമഗലിയാം ഭൂമിക്ക് സിന്ദൂരം ചാർത്തുവാൻ
പൂക്കളും പുൽക്കൊടി വൃന്ദവും സാദരം
പാടുന്ന മംഗള ഗാനങ്ങൾ കേള്ക്കുന്നു ....

വസന്തം



പുഞ്ചിരിക്കുന്ന പൂക്കൾ തൻ ചുണ്ടിലും
പൂത്തു  നിൽക്കുന്നു വസന്തത്തിൻ ചാരുത
പതിയെ വന്നെത്തി നോക്കുന്നൊരർക്കനും
പാതി ചുണ്ടിൽ വിരിയുന്നു കാന്തിയും ..

പുലർ കാല സൂര്യാംശു ചുംബിച്ചുണർത്തുന്നു
പൂവാടി തന്നിലെ പൂക്കളെയെല്ലാമേ ഒന്നായി
പൂത്തുലയുന്നു  ഭൂമി തൻ മാറിടമൊന്നാകെ
പാരം പരവശയായി സൂര്യ സ്പർശനമേറ്റപോൽ !

Thursday, 11 September 2014

സങ്കട കടൽ



തിരിച്ചു വരില്ലെന്നറിയാതെ വിളിച്ചു കേഴുന്നമ്മയെ
തരിച്ചു നില്ക്കും വെയിലിൽ വാടി വീണ തന്നമ്മയെ 
പിടിച്ചുലച്ചു വലിച്ചു നോക്കി പിഞ്ചിളം കൈകളാൽ 
പിടിച്ചു കെട്ടി മരണം കൊണ്ടു പോയ തന്നമ്മയെ .

ഉരുൾ പൊട്ടും പോലെ പൈതൽ കരഞ്ഞിട്ടും വിളിച്ചിട്ടും 
ഉലകം വിട്ടു പറന്ന ജീവനോ തിരിച്ചു വന്നീലൊരിക്കലും 
ഉൾത്തടം വിങ്ങുമീ കാഴ്ചകൾ നിരത്തുന്നു ലോകവും 
ഉദാരമായ്‌ ദാരിദ്ര്യം നീക്കുവാൻ കഴിയണം നമുക്കെല്ലാം 

കണ്ടില്ലെന്നു നടിക്കാതെ മർത്ത്യാ നിൻ കാഴചകൾ 
കൊണ്ടറിയാതെ ഇരിക്കുവാൻ ഈ നഗ്ന സത്യങ്ങൾ 
കണ്ടു ദയ ചെയ്യുവാൻ തുണ നല്കട്ടെ ഈശ്വരൻ ...
കാണായ നന്മകൾ നമ്മിൽ വര്ഷിക്കുംഈശ്വരൻ .......



Tuesday, 9 September 2014

കുഞ്ഞു കുഞ്ഞു സങ്കടo


മുള്ളിൽ വിരിഞ്ഞുവെന്നാകിലും ഹൃദ്യമായ്
മുഖംവിടർത്തി ചിരിച്ചു   വന്നു പുലർകാലേ
കുഞ്ഞു പൂവേ  ചിരിക്കും നിന്നുള്ളിലുമുണ്ടോ
കുഞ്ഞു കുഞ്ഞു സങ്കട പെരുമഴ തോരാതെ .?

അന്തിക്ക് വാടി തളര്ന്നു വീഴുന്നോരാ സങ്കടം
ഉള്ളിലൊതുക്കി ചിരിക്കുന്ന പൊൻപൂവ് നീ
ഉണ്ടോ ഇനി കണ്ണുനീർ നിന്നുള്ളിലൊതുക്കുവാൻ
മഞ്ഞു തുള്ളിപോൽ ഇതളിൽ ഇറ്റിക്കുവാൻ ?


മണ്ണിൻ മക്കൾ




കട്ട് മുടിക്കാൻ കൂട്ട് നിന്നു മുടിഞ്ഞുകാടും കാട്ടാറും
ഈട്ടി ചന്ദന തേക്കുകൾ എല്ലാം കാട് കടന്നു പണ്ടേ
കാട്ട് മൃഗത്തിൻ നീതി പോലും കിട്ടാനില്ലിന്നിവിടെ...
കാടിൻ മക്കൾ മരിച്ചാൽ പോലും നോക്കാൻ ആളില്ലിവിടെ
ആട്ടിയിറക്കി മണ്ണിൻ മക്കളെ സ്വന്തം മണ്ണിൽ നിന്ന്
ആദിവാസി ക്ഷേമ നിധികൾ പോകുന്നെവിടെയെല്ലാം ?
നന്നാവുന്നു നാട്ടുവാസികൾ ക്ഷേമ നിധികൾ കൊണ്ട്
ചവുട്ടി നില്ക്കാൻ സ്വന്തം മണ്ണിൽ അര്ഹതയില്ല പാവങ്ങൾ
കണ്ടില്ലെന്നു നടിക്കും മനുഷ്യാ .നീതിയോ ഇത് ന്യായമോ ?
 കാടിൻ മക്കൾ രോദനമല്ലിത് ജന്മാവകാശം.തന്നെയല്ലോ ?
നീതി ലഭിക്കാൻ എവിടെ പോകാൻ ഉറങ്ങുന്നല്ലോ നീതി
കണ്ണ് കെട്ടിയ നീതി ദേവതേ  കണ്ണ് തുറക്കൂ വേഗം ....
ആര്ക്ക് വേണ്ടി കാക്കുന്നിവിടെ റിസേർവ് ഫോറെസ്റ്റ്എല്ലാം
രിസോര്ട്ടുകളായി  മാറുമോ നമ്മുടെ കാടായ കാടുകളെല്ലാം
വമ്പൻ സ്രാവുകൾ പാട്ടമെടുത്തു കാടിൽ നല്ലൊരു ഭാഗം
ഇനിയും കേൾക്കാ കഥകൾ പലതും ആരുണ്ടറിയുന്നിവിടെ ?

ഓണം



ഓണത്തുംബിക്കൊരു ഊഞ്ഞാല് കെട്ടാൻ 
ഓടി വാ കാറ്റേ ചൂളം കുത്തി  വാ കാറ്റേ 
ഓണത്തപ്പനു കേൾക്കുവാനായിന്നൊരു 
ഓണ പാട്ടും പാടി വാ കൊച്ചിളം കാറ്റേ 

കൈത്താളം കൊട്ടി കാൽത്തള കിലുക്കി 
കൈകൊട്ടി പാടി മുറ്റം നിറയെ കറ്റകിടാങ്ങൾ 
 കിളി കൊഞ്ചൽ  തഞ്ചും പൊന്നധരത്തിൽ 
കൊടുക്കുന്നു മുത്തം ഓണ പൊൻ വെയിൽ 



Monday, 8 September 2014

ഓണം പൊന്നോണo



വെള്ളില താളിക്കുപൊൻ  കമ്മല് തീര്ക്കുന്നു
വെള്ളോട്ട് കിണ്ണത്തിൽ താളി പതക്കുന്നു
വള്ളികളിൽ തത്തി കിന്നാരം ചൊല്ലുന്നു
വണ്ണാത്തിപ്പെണ്നും കുഞ്ഞു മഞ്ഞക്കിളിയും .

ഓണവും വന്നെത്തിനോക്കി  പോയെന്നൊരു
ഒലേഞാലിക്കിളി പാടി ഇടയ്ക്കു പതം പറഞ്ഞു
ഓടി നടന്നു കതിരുകൾ കൊത്തി പെറുക്കുന്നു
ഓമന പൊൻ തത്തയും വെള്ളരി പ്രാവുകളും ....

Friday, 5 September 2014

കിളികൾ



പൊന്നോണ  വെയിൽ  വന്നു ഉമ്മവെച്ചെന്റെ
പൂവാടിയെല്ലാം പൂത്തുലഞ്ഞല്ലോ പുലർകാലേ
പൂങ്കവിൾ തേടിയൊരു പൂത്തുംബിയെത്തി
പൂവിൻ കവിൾ നാണത്താൽ അരുണിമയാർന്നു .

കൊച്ചിളം കാറ്റുംകലപില പറഞ്ഞെത്തി കറങ്ങി
മുറ്റത്ത്  തത്തി കളിക്കുന്നു കിളികൾക്ക് കൂട്ടായ്
പിഞ്ചിളം പൈതലും കൊഞ്ചി കളിച്ചു രസിച്ചു
പൂക്കളം തീര്ക്കുന്ന പൂതുംബിയോടോത്ത് .....

Thursday, 4 September 2014

നഷ്ട സ്വപ്നങ്ങൾ



കത്തുന്ന സൂര്യനോടിത്തിരി തീ വാങ്ങി
കത്തിച്ചു ഞാനെൻ മനസ്സിന്റെ കോണിലായ്
നഷ്ട സ്വപ്നങ്ങളെ തീയിലെറിഞ്ഞു ഞാൻ
ഇഷ്ട വരത്തിനായ് കാത്തിരിക്കുന്നു ദിനം

പൊയ്പ്പ്പോയ കാണാകിനാവിന്റെ തോണിയും
പോയ്‌ മറഞ്ഞൊരാ വസന്തവും ഗ്രീഷ്മവും
തിരികെ വരില്ലെന്നറിഞ്ഞിട്ടും തിരയുന്നു
കാലത്തിൻ കൈകളിൽ മുത്തും ചിപ്പിയും ..

Tuesday, 2 September 2014

കള്ള കാറ്റ്



എങ്ങു നിന്നോ വന്നൊരു കാറ്റെൻ 
മുല്ല വള്ളിയെ ആഞ്ഞൊന്നു പുല്കി 
മുല്ലച്ചോട്ടിൽ ഓണ പൂക്കളം തീർത്തു 
കള്ള കാറ്റ് കണ്ണ് പോത്ത്തിക്കളിച്ചു ...

പുല്ലാനി പൂക്കൾ നറും പുഞ്ചിരി തൂകി 
പൂവാടിയെല്ലാം കോൾമയിർ കൊണ്ടു 
പൂവാലൻ തുമ്പിക്ക് താലി കെട്ടിന്ന് 
പൂത്തുമ്പ കല്യാണ മാലയോരുക്കി .....

ചിങ്ങo


ചിങ്ങ കൊയ്തിന്നു കൈത്താളം കൊട്ടാൻ
ഓടക്കുഴലൂതി ഓടി വാ കുഞ്ഞിളം കാറ്റേ
ചാഞ്ചാടും നെൽക്കതിർ തൊട്ടു തലോടി
കിന്നാരം ചൊല്ലുന്ന പൊന്നിളം കാറ്റേ

പോന്ന്നാര്യൻ പാടം പൊൻവെയിൽ ചാർത്തി
പൊന്നിൻ കതിർക്കുല ചാഞ്ചാടിയാടി
കൊയ്ത്തരിവാളിൻ വായ്ത്തല മിന്നി തിളങ്ങി
പാടി പതിഞ്ഞ പെണ്ണാളിൻ പഴംപാട്ടിൽ

പൊലി ...പൊലി  പൂപ്പോലിയോ പാടും
ഇല്ലം നിറ വല്ലം നിറ പൊന്നോണ കാറ്റേ
മുറ്റം നിറയെ കറ്റകൾ വന്നു നിറഞ്ഞു
ചിങ്ങപ്പുലരിയിൽ നിറ സമൃദ്ധി ചൊരിഞ്ഞു .


Monday, 1 September 2014

മുത്തശ്ശി അമ്മ



മഞ്ഞും മഴയും അലക്കി വെളുപ്പിച്ചും
മാറ്റത്തിൻ മാറ്റൊലി കേട്ട് തഴബിച്ചും
കാലത്തിൻ കോലത്തെ  കണ്ടു മരവിച്ചും
മുത്തശ്ശി അമ്മ തൻ  കാലം കഴിഞ്ഞു പോയ്‌

ഇത്തിരി ചൂടിനായ് കുത്തിയിരിക്കുന്നു
ഒത്തിരി സ്വപ്നങ്ങൾ  തീയായ് ജ്വലിപ്പിച്ചു
വാര്ദ്ധക്ക്യം നരപ്പിച്ച മനസ്സും മരവിച്ചു
ഏകാന്ത പാതയിൽ മരണവും വന്നില്ല !!!